പുതിയ ബിനാമി വിരുദ്ധ നിയമം പ്രാബല്യത്തിൽ
പുതിയ ബിനാമി വിരുദ്ധ നിയമം പ്രാബല്യത്തിൽ
പുതിയ ബിനാമി വിരുദ്ധ നിയമം 2021 ജനുവരി അവസാന വാരം മുതൽ പ്രാബല്യത്തിൽ വരും. സൗദി ശൂറാ കൗൺസിൽ അംഗീകരിച്ച പുതിയ ബിനാമി വിരുദ്ധ നിയമം സൗദി മന്ത്രി സഭയും 2020 ഓഗസ്റ്റിൽ അംഗീകരിച്ചിരുന്നു.
പ്രാദേശികമായി നൽകിയിട്ടുള്ള ബിസിനസ് ലൈസൻസുകൾ
ഉപയോഗിച്ച് സ്വദേശി പൗരന്‍മാരുടെ സഹായത്തോടെ വിദേശികള്‍ അനധികൃതമായി നടത്തുന്ന
ബിസിനസ് സംരംഭങ്ങള്‍ ഇല്ലാതാക്കുന്നതിനാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്. പുതിയ നിയമം നിയമലംഘകർക്കു കനത്ത പിഴയാണ് ചുമത്തുന്നത്. അഞ്ച് വർഷം വരെ തടവും
അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയും.
വാണിജ്യ തട്ടിപ്പുകളെ ചെറുക്കുന്നതിനും ചെറുകിട ഇടത്തരം സംരംഭങ്ങളിൽ ബിനാമി പ്രവണത ഒഴിവാക്കുന്നതിനുള്ള പരിഹാരങ്ങൾ വികസിപ്പിക്കു ന്നതിനുമായി സർക്കാർ നേരത്തെ ഒരു മിനിസ്റ്റീരിയൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. പുതിയ കമ്മിറ്റി സൗദി പൗരന്മാരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബിസിനസുകൾ സ്വന്തമാക്കിയിരിക്കുന്ന വിദേശ പൗരന്മാരെ പരിശോധിക്കുന്നത് തുടരും, കൂടാതെ ബിസിനസ് ലൈസൻസുകളും മാൻപവർ വിസകളും നൽകുന്ന സ്ഥാപനങ്ങളുമായി വിപുലമായ ഏകോപനമുണ്ടാകും.
അനേകം വിദേശികള്‍ രഹസ്യമായി സ്വദേശികളുടെ പേരില്‍ സൗദി അറേബ്യയിൽ വിവിധ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഉടമസ്ഥാവകാശവും ലൈസൻസും മറ്റും സ്വദേശിയുടെ പേരിലായിരിക്കും. എന്നാൽ ബിസിനസ് നടത്തുന്നത് വിദേശിയായിരിക്കും. സ്വദേശിക്ക് പ്രതിമാസം ഒരു നിശ്ചിത സംഖ്യ നിശ്ചയിച്ചോ അല്ലെങ്കില്‍ ലാഭത്തിന്‍റെ ശതമാനത്തിന്റെ അനുപാതതിലോ ആയിരിക്കും വിദേശികള്‍ ബിസിനസ്സുകള്‍ നടത്തുന്നത്. വിദേശികളില്‍ പലരും സ്വദേശി പൗരന്‍മാരെ മറയാക്കി നടത്തുന്ന ഇത്തരം ബിനാമി ബിസിനസ്സുകള്‍ സൗദിയിൽ നിയമ വിരുദ്ധമാണ്.
ഇങ്ങനെ ബിസിനസ് നടത്താൻ അനുവദിക്കുന്ന സ്വദേശിയെയും ബിസിനസ് നടത്തുന്ന വിദേശിയെയും നിയമലംഘകരായി കണക്കാക്കും. കൂടാത്ത വിദേശ നിക്ഷേപ ലൈസൻസ് നേടിയ ഒരു വിദേശ നിക്ഷേപകൻ മറ്റൊരു വിദേശിക് തന്റെ പേരിൽ ബിസിനസ് നടത്താൻ അനുവദിക്കുന്നതും നിയമലംഘകരായി കണക്കാക്കും
പുതിയ നിയമത്തിലെ ആർട്ടിക്കിൾ മൂന്ന് (3) അനുസരിച്ച്, ഇനിപ്പറയുന്നവ ശിക്ഷാർഹമായ കുറ്റങ്ങളായി കണക്കാക്കും:
· ഒരു വിദേശി തനിക്കു അനുവദിക്കാത്ത ഒരു ബിസിനസ് സ്വദേശി യൂടെ പേരിലുള്ള ബിസിനസ് ലൈസൻസ് ഉപയോഗിച്ചു പ്രവർത്തിപ്പിക്കുക,
· ബിനാമി ബിസിനസ് നടത്തുന്നതിന് സഹായം, പ്രോത്സാഹനം അല്ലെങ്കിൽ ഉപദേശം നൽകുക.
· അന്വേഷണ സമയത്ത് അധികാരികളുമായി സഹരിക്കാതിരിക്കുക, വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുക, തെറ്റായ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുക.
അനുബന്ധ നിയമ ലംഘനത്തിനുള്ള ശിക്ഷയ്ക്കു പുറമെ കുറ്റവാളികൾക്ക്
താഴെ പറയുന്ന കഠിനമായ ശിക്ഷാനടപടികൾ പുതിയ നിയമം നൽകുന്നു.
· ബിസിനസ്സിന്റെ വലുപ്പം, വരുമാനം, ബിനാമി പ്രവർത്തനത്തിന്റെ കാലയളവ്, അതിന്റെ വലിയ അനന്തരഫലങ്ങൾ എന്നിവ കണക്കിലെടുത്തു അഞ്ച് വർഷത്തിൽ കൂടാത്ത കാലത്തേക്കുള്ള തടവും അഞ്ച് ദശലക്ഷം റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ച്.
· ശിക്ഷിക്കപ്പെട്ട സൗദി പൗരനെ അഞ്ച് വർഷത്തേക്ക് ഏതെങ്കിലും ബിസിനസ്സ് നടത്തുന്നതിൽ നിന്ന് തടയുക, സൗദി അറേബ്യയിൽ വീണ്ടും പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി വിദേശ കക്ഷിയെ നാടുകടത്തുക.
· സകാത്ത്, നികുതി, സർക്കാർ ഫീസ്, മറ്റേതെങ്കിലും ബാധ്യത എന്നിവ അടയ്ക്കാനുള്ള സംയുക്ത ബാധ്യത.
· കുറ്റം ചെയ്യുന്ന കക്ഷികളുടെ പേരുകൾ കുറ്റവാളികളുടെ ചെലവിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുന്നു.
· ദുരുപയോഗം ചെയ്ത ബിസിനസ്സിന്റെ ഫണ്ടുകളും മറ്റ് സ്വത്തുക്കളും കണ്ടുകെട്ടുക.
ബിനാമി ബിസിനസ് പ്രവണത തടയാൻ സജീവ നടപടികൾ
പുതിയ നിയമം അനുശാസിക്കുന്നു, അതിലൊന്നാണ് ബിനാമി ബിസിനസ്നെ കുറിച്ച് വിവരം നൽകുന്നവരുടെ
പേര് വിവരം കേസ് ഫയലിൽ ഉൾപ്പെടുത്താതെ രഹസ്യമായി സൂക്ഷിക്കും കൂടാതെ വിവരദായകർക്കു അന്തിമ വിധിന്യായത്തിന് അനുസരിച്ച് ശേഖരിച്ച പിഴയുടെ
മുപ്പത് ശതമാനം വരെ (30%) പ്രതിഫലം നൽകുന്നു.
ഭേദഗതി വരുത്തിയ നിയമ പ്രകാരം ബിനാമി നിയമലംഘനം
അന്വേഷിക്കാന്‍ മുനിസിപ്പല്‍ ഗ്രാമകാര്യം, മാനവ വിഭവശേഷി, സാമൂഹിക വികസനകാര്യം, പരിസ്ഥിതി, ജല, കാര്‍ഷികകാര്യം എന്നീ മന്ത്രാലയങ്ങളിലെയും
സക്കാത്ത് ഇന്‍കം ടാക്‌സ് അതോറിറ്റി എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥർക്ക് അധികാരം ഉണ്ടായിരിക്കും
ബിസിനസുകൾക്ക് ലൈസൻസ് നൽകുന്ന സർക്കാർ ഏജൻസികൾ അതാതു
ബിസിനസുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും സംശയാസ്പദമായ എന്തെങ്കിലും
പ്രവർത്തനങ്ങൾ കണ്ടാൽ വാണിജ്യ മന്ത്രാലയത്തെ അറിയിക്കണമെന്നും നിയമം ആവശ്യപ്പെടുന്നു.
ബിനാമി ഉദ്ദേശ്യമുള്ള എല്ലാ കരാറുകളും
പ്രവൃത്തിയും അസാധുവായി കണക്കാക്കുകയും ചെയ്യും.
കുറ്റകൃത്യങ്ങള്‍
തെളിയിക്കാന്‍ ഡിജിറ്റല്‍ രേഖകള്‍ പ്രയോജനപ്പെടുത്തും. ഇ-എവിഡന്‍സുകള്‍
ശേഖരിക്കും. സംശയാസ്പദമായ സ്ഥലങ്ങള്‍, ഓഫീസുകള്‍, വെയര്‍ ഹൗസുകള്‍, വാഹനങ്ങള്‍
എന്നിവയില്‍ തിരച്ചില്‍ നടത്താനും അവിടുത്തെ രേഖകളും നിരീക്ഷണ ക്യാമറകളും
പരിശോധനക്ക് വിധേയമാക്കാനും ഇവര്‍ക്ക് അധികാരമുണ്ടാകും. നിയമലംഘനം സംബന്ധിച്ച്
അറിയുന്നവരെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും വിളിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക്
അവകാശമുണ്ട്. ആവശ്യമെങ്കില്‍ ഇവര്‍ക്ക് പോലീസിന്റെയും മറ്റു സുരക്ഷാ വിഭാഗങ്ങളുടെയും
സഹായം തേടുകയും ചെയ്യാം. എല്ലാ സമയത്തും പരിശോധന നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്
പരിഷ്‌കരിച്ച ബിനാമി വിരുദ്ധ നിയമം അധികാരം നല്‍കുന്നു.
വാണിജ്യ, നിക്ഷേപ മന്ത്രാലയം ഓൺലൈൻ പോർട്ടൽ വഴി സംശയാസ്പദമായ ബിസിനസ്
റിപ്പോർട്ട് ചെയ്യാനും സൗദി പൗരന്മാരോട് ആവശ്യപ്പെടും.
പുതിയ ബിനാമി വിരുദ്ധ നിയമത്തിലെ ശക്തമായ വ്യവസ്ഥകൾ ദേശീയ വരുമാന സ്രോതസ്സിന് വെല്ലുവിളിയായ ബിനാമി വ്യവസായത്തിന് തടയിടുന്നതിനും നിഴല്‍ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതാണ്. കൂടാതെ ചെറുകിട ഇടത്തരം ബിസിനസ്കളെ കൂടുതൽ സുതാര്യമാക്കാൻ പ്രേരിപ്പിക്കുന്നതിനും സംരംഭക സൗദികൾക്ക് ബിസിനസുകൾ ആരംഭിക്കാൻ കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ബിനാമി ബിസിനസ്കളുടെ വിപരീത ഫലങ്ങളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഫിറോസ് മുഹമ്മദ്
ലീഗൽ കോൺസൾറ്റൻറ്
ഖലീൽ ഖാസിന്ദാർ ലോ ഓഫീസ്
ലീഗൽ കോൺസൾറ്റൻറ്
ഖലീൽ ഖാസിന്ദാർ ലോ ഓഫീസ്
very informative.. thanks
ReplyDelete